Home
HomeAbout
About MeFavourites Favourites


Photos
PhotosNews
Editor's DeskNews
Special CorrespondentWorks
WorksBlog
BlogBiodata
BiodataContact Contact Me


Support
Help & Support

വിജി പിണറായി


Viji Pinarayi

SiteMap
Site Mapവരദാചാരി തന്ത്രം" പാളി; 'മനോരമ'യിൽ ഭിന്നത
(ഇ എൻ എൻ എക്സ്ക്ലൂസീവ്)


സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാൻ ധനവകുപ്പ് ശുപാർശ ചെയ്തതായുള്ള വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നുണ്ടായ വിവാദത്തിൽ 'മലയാള മനോരമ'യിൽ കടുത്ത ഭിന്നത. പെൻഷൻ പ്രായം 58 ആക്കി ഉയർത്തണമെന്ന് ധനവകുപ്പ് ശുപാർശ ചെയ്തതായും പ്രസ്തുത ശുപാർശ വകുപ്പുമന്ത്രി തോമസ് ഐസക്ക് അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യമന്ത്രിക്ക് അയച്ചതായും കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു 'മനോരമ' ഒന്നാം പേജിൽ നാലുകോളം തലക്കെട്ടോടെ റിപ്പോർട്ടുചെയ്തത്. പത്രത്തിലെ ഒരു മുതിർന്ന ലേഖകന്റെ 'ബൈലൈൻ' സഹിതം പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധേയവും വ്യാപകവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അന്നുതന്നെ വിലയിരുത്തപ്പെട്ടിരുന്നു. പ്രതിപക്ഷം വാർത്ത ഏറ്റെടുക്കുകയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖർ വിഷയം ഉന്നയിച്ച് സർക്കാരിനെതിരെ പ്രസ്താവനകൾ ഇറക്കുകയും ചെയ്തതോടെ മന്ത്രി തോമസ് ഐസക്ക് തന്നെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. അങ്ങനെയൊരു നിർദേശം തന്നെ ഇല്ലെന്നു വ്യക്തമാക്കിയ മന്ത്രി പ്രസ്തുത നിർദേശം അടങ്ങിയ ഫയലിന്റെ നമ്പർ സഹിതം വാർത്ത തെളിയിക്കാൻ വെല്ലുവിളിക്കുകയും ചെയ്തതോടെയാണ് പത്രത്തിൽ പടയൊരുക്കം തുടങ്ങിയത്.

ഒന്നാം പേജിലെ നാലുകോളം വാർത്തയോടുള്ള മന്ത്രിയുടെ പ്രതികരണം ഉൾപ്പേജിലെങ്ങോ ഒറ്റക്കോളത്തിൽ വെറും ആറുവരി കുറിപ്പിൽ ഒതുക്കിയെങ്കിലും വിഷയം സോഷ്യൽ മീഡിയ ശക്തമായി ഏറ്റെടുത്തതോടെ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് ഒരു മുതിർന്ന ലേഖകൻ സൂചിപ്പിച്ചു. അഹിതകരമായ വാർത്തകളോട് സോഷ്യൽ മീഡിയ, പ്രത്യേകിച്ച് ഇടതുപക്ഷ അനുകൂല ഐഡികൾ ശക്തമായി പ്രതികരിക്കുന്നത് പതിവാണെങ്കിലും ഈ വിഷയത്തിൽ പ്രതികരണം തങ്ങൾ പ്രതീക്ഷിച്ചതിലേറെ രൂക്ഷമായതാണത്രേ പ്രശ്നങ്ങൾക്ക് തിരികൊളുത്തിയത്. 'ഓഖി' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് 'മനോരമ' ഉൾപ്പെടെയുള്ള പ്രമുഖ മാദ്ധ്യമങ്ങൾ സർക്കാരിനെതിരെ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമെന്ന് വിലയിരുത്തപ്പെടാവുന്ന വാർത്തകൾ തുടർച്ചയായി നൽകിയതിനെത്തുടർന്ന് 'മാദ്ധ്യമനുണക്കഥകൾ'ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും 'ഫിഫ്ത് എസ്റ്റേറ്റ്' എന്ന പേരിൽ 'മാദ്ധ്യമ ഓഡിറ്റിങ്' എന്ന ആശയം മുന്നോട്ടു വെച്ചുകൊണ്ട് നിലവിൽ വന്ന ഒരു ഫേസ്‌ബുക്ക് പേജ് വിജയകരമായ തുറന്നുകാട്ടലുകളിലൂടെ ശ്രദ്ധേയത കൈവരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ വേണ്ടത്ര 'ഗൃഹപാഠം' ചെയ്യാതെ വാർത്ത സൃഷ്ടിക്കാൻ ശ്രമിച്ചത് വൻ മണ്ടത്തരമായെന്ന് പല ലേഖകരും വാർത്തയെഴുതിയ മുതിർന്ന ലേഖകന്റെയും മാനേജ്‌മെന്റിലെ പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽത്തന്നെ തുറന്നടിക്കുന്ന സാഹചര്യം പോലും ഉണ്ടായത്രേ.

ആദ്യ റിപ്പോർട്ട് പാളിയെന്ന് പൊതുവായി വിലയിരുത്തപ്പെട്ടതിനെത്തുടർന്നാണെന്നു കരുതപ്പെടുന്നു അടുത്ത ദിവസം തന്നെ വാർത്ത നൽകിയ ലേഖകന്റെ വിശദീകരണം എന്ന നിലയിൽ എഡിറ്റോറിയൽ പേജിൽ സാമാന്യം നീണ്ട ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ കുറിപ്പും കൂടുതൽ തിരിച്ചടിക്കാണ് വഴിവെച്ചത്. ഇല്ലാത്ത നിർദേശത്തിനു ഫയൽ നമ്പർ പോയിട്ട് ഫയൽ തന്നെ ഉണ്ടാവില്ല എന്ന ബോദ്ധ്യം ഫയലിനെ ബജറ്റ് നിർദേശങ്ങൾക്കായുള്ള ഫയലല്ലാത്ത 'കുറിപ്പ്' മാത്രമാക്കി മാറ്റി 'വീണിടത്തു കിടന്ന് ഉരുളാൻ' ലേഖകൻ നിർബന്ധിതനാകുന്ന അപഹാസ്യമായ കാഴ്ചയായിരുന്നു എഡിറ്റ് പേജിൽ എന്ന് ഒരു യുവ ലേഖകൻ പറഞ്ഞു. തന്നെപ്പോലെ പുതുതലമുറയ്ക്ക് വഴികാട്ടികളാകേണ്ട, പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള മുതിർന്ന ലേഖകർ തന്നെ ഇത്തരം പരിഹാസ്യമായ അവസ്ഥയിൽ ചെന്നെത്തുന്നത് 'മനോരമ' പോലെ ദശലക്ഷക്കണക്കിനു വായനക്കാരുള്ള മാദ്ധ്യമത്തിന് നാണക്കേടാണെന്ന കാഴ്ചപ്പാടാണ് തന്നെപ്പോലെ പല സഹപ്രവർത്തകർക്കും ഉള്ളത് എന്ന് ഈ ലേഖകൻ സൂചിപ്പിച്ചു.

വർഷങ്ങൾക്കു മുൻപ് ലാവലിൻ കേസുമായി ബന്ധപ്പെട്ട് കുപ്രസിദ്ധമായ 'തല പരിശോധന വിവാദം' മറ്റൊരു രീതിയിൽ പുനരാവിഷ്കരിക്കാനായിരുന്നു ലേഖകന്റെ ശ്രമം എന്ന് സംശയിക്കാമെന്ന് ചില പ്രമുഖ മാദ്ധ്യമ പ്രവർത്തകർ വിലയിരുത്തുന്നു. ലാവലിനുമായി കരാറുണ്ടാക്കുന്നതിനെ എതിർത്ത് ധനവകുപ്പിൽ സെക്രട്ടറിയായിരുന്ന വരദാചാരി ഒരു ഫയലിൽ അഭിപ്രായം രേഖപ്പെടുത്തി എന്നും അന്ന് വൈദ്യുതിവകുപ്പുമന്ത്രിയായിരുന്ന പിണറായി വിജയൻ ക്ഷുഭിതനായി വരദാചാരിയുടെ തല പരിശോധിക്കണമെന്ന് കുറിപ്പെഴുതി മുഖ്യമന്ത്രിക്ക് അയച്ചെന്നുമുള്ള ആരോപണം ഉയർത്താനും വർഷങ്ങളോളം പൊതുബോധമണ്ഡലത്തിൽ സജീവമായി നിലനിർത്താനും 'മനോരമ' മുൻനിരയിലുണ്ടായിരുന്നു. അതുപോലൊരു വിവാദം വീണ്ടും ധനവകുപ്പിനെത്തന്നെ മുൻനിർത്തി ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമായിരുന്നു 'പെൻഷൻ പ്രായ' റിപ്പോർട്ട് എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം 'മനോരമ'യിൽത്തന്നെയുണ്ടെന്ന് അറിയുന്നു. ഒരു 'രണ്ടാം വരദാചാരി'യെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ആദ്യ പ്രതികരണത്തിൽത്തന്നെ ഫയൽ നമ്പർ ചോദിച്ച് തോമസ് ഐസക്ക് പൊളിച്ചത് എന്ന് ഇവർ കരുതുന്നു. ഇത്തരമൊരു വൻ മണ്ടത്തരം ഒരു മുതിർന്ന ലേഖകന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല എന്ന ഇവരുടെ നിലപാടിനോട് മാനേജ്‌മെന്റിലെ ഒരു വിഭാഗത്തിനും അനുഭാവമുണ്ടത്രേ.

ലക്ഷക്കണക്കിനു കോപ്പികളുടെ പ്രചാരവും ദശലക്ഷക്കണക്കിനു വായനക്കാരുമുള്ള പത്രത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തിയ ലേഖകനെതിരെ നടപടി വേണമെന്ന അഭിപ്രായം ജൂനിയർ ജേണലിസ്റ്റുകൾ മുതൽ മാനേജ്‌മെന്റ് തലം വരെയുള്ള പലരും രഹസ്യമായും ഇടയ്ക്ക് പരസ്യമായും പ്രകടിപ്പിക്കുന്നുണ്ടെന്ന് മാനേജ്മെന്റിനോട് അടുത്ത വൃത്തങ്ങളിൽ സംസാരമുണ്ട്. 'മനോരമ' ഉടമകളായ കണ്ടത്തിൽ കുടുംബത്തിൽത്തന്നെ ഈ അഭിപ്രായത്തോട് യോജിപ്പുള്ളവരുണ്ടെന്നും സൂചനകളുണ്ട്. അതേ സമയം ശക്തമായ സോഴ്സ് ഉറപ്പുവരുത്തി വാർത്ത തയ്യാറാക്കുന്നതിലെ ജാഗ്രതക്കുറവുമൂലം ലേഖകനു പിഴവു പറ്റിയെങ്കിലും അതിന്റെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ലെന്ന അനുഭാവപൂർണമായ നിലപാടുള്ള ഗണ്യമായ മറ്റൊരു വിഭാഗവും ലേഖകർക്കിടയിൽ ഉണ്ടെന്നും അറിയുന്നു. മാനേജ്‌മെന്റിലും ഈ വിഭാഗത്തിനു ശക്തമായ പിന്തുണയുണ്ടെന്നും പറയപ്പെടുന്നു. തൊഴിലാളികൾക്കിടയിൽ രൂപം കൊണ്ടിരിക്കുന്ന ഭിന്നതയെക്കുറിച്ച് മാനേജ്മെന്റിലെ ഏതാനും ഉന്നതർ തമ്മിൽ നടത്തിയ ആശയ വിനിമയത്തിന്റെ ചില വിശദാംശങ്ങൾ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ഇ എൻ എന്നിനു ലഭിച്ചിട്ടുണ്ട്. മുഖം രക്ഷിക്കാനെങ്കിലും ലേഖകനെതിരെ നടപടി ഉണ്ടാകാനിടയുണ്ടെന്ന സൂചനയാണ് ഈ വിവരങ്ങളിൽ നിന്ന് ലഭിക്കുന്നത്‌‌. ഈ നിർദേശങ്ങളെസ്സംബന്ധിച്ച തീരുമാനം ചീഫ് എഡിറ്ററുടെ പരിഗണനയിലാണെന്നാണ് അറിയുന്നത്.

ഏതായാലും ലേഖകന്റെ എഡിറ്റോറിയൽ പേജ് കുറിപ്പിനെതിരെയും മന്ത്രി ശക്തമായിത്തന്നെ പ്രതികരിച്ചതോടെ വിഷയം ഉടനെയൊന്നും അടങ്ങില്ലെന്ന സൂചനകളാണുള്ളത്. ഫയലല്ല, കുറിപ്പാണെന്ന വിശദീകരണത്തെയും ചോദ്യം ചെയ്ത മന്ത്രി ആ കുറിപ്പ് പ്രസിദ്ധീകരിക്കണമെന്ന ആവശ്യം കൂടി ഉന്നയിച്ച് 'മനോരമ'യെ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അടുത്ത ദിവസങ്ങളിൽ വിവാദം കൂടുതൽ രൂക്ഷമാകുമോ അതോ മന്ത്രിയുടെ ഒരു ഫേസ്‌ബുക്ക് പോസ്റ്റുകൊണ്ട് 'ഫയൽ' 'കുറിപ്പ്' ആയതു പോലെ ഒന്നുകൂടി തറപ്പിച്ചു ചോദിച്ചാൽ 'കുറിപ്പ്' 'വാക്കാലുള്ള നിർദേശം' മാത്രമായി ചുരുങ്ങുമോ എന്ന് കണ്ടുതന്നെ അറിയാം എന്നേ ഇപ്പോൾ പറയാനാവൂ.ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2017 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.