Home
HomeAbout
About MeFavourites Favourites


Photos
PhotosNews
Editor's DeskNews
Special CorrespondentWorks
WorksBlog
BlogBiodata
BiodataContact Contact Me


Support
Help & Support

വിജി പിണറായി


Viji Pinarayi

SiteMap
Site Mapസ്മാര്‍ട്ട് സിറ്റിയും ഉമ്മന്‍ ചാണ്ടിയുടെ സംശയങ്ങളും

(സ്മാര്‍ട്ട് സിറ്റി പദ്ധതിക്കു വേണ്ടി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഒപ്പിട്ട കരാറിനെതിരെ
പ്രതിപക്ഷ നേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടി ഉന്നയിച്ച വിമര്‍ശനങ്ങളും അവയ്ക്കുള്ള മറുപടികളും) ‍


മെയ് 15, 2007

വിവരസാങ്കേതികവിദ്യാ രംഗത്ത് കേരളത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കുമെന്നും സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാകുമെന്നും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള 'സ്മാര്‍ട്ട് സിറ്റി' പദ്ധതി, അതിനുള്ള കരാര്‍ ഒപ്പുവെക്കപ്പെട്ടതോടെ യാഥാര്‍ഥ്യമാകുകയാണല്ലോ? നിര്‍ദേശിക്കപ്പെട്ടപ്പോള്‍ മുതല്‍ത്തന്നെ ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയ പദ്ധതി ഒടുവില്‍ യാഥാര്‍ഥ്യമാകുമ്പോള്‍ അത് ഏറെ വിശകലനങ്ങള്‍ക്ക് വിധേയമാകുന്നത് സ്വാഭാവികം മാത്രം.

മുന്‍ യു ഡി എഫ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്ന ആദ്യ കരാറിലെ പല വ്യവസ്ഥകളും - പ്രത്യേകിച്ച് കൈമാറുന്ന സ്ഥലത്തിനു നിശ്ചയിച്ച വിലയും സര്‍ക്കാര്‍ മുന്‍- കൈയെടുത്ത് സ്ഥാപിച്ച ഇന്‍ഫോപാര്‍ക്ക് കൂടി കൈമാറാനുള്ള വ്യവസ്ഥയും - രണ്ടാം കക്ഷിയായ ടീകോമിന് ഏകപക്ഷീയമാം വിധം അനുകൂലവും സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാക്കുന്നതുമാണെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദമായിരുന്നു. പൊതുതെരഞ്ഞെടുപ്പ് വന്നതിനാല്‍ ഒപ്പിടാതിരുന്ന ആ കരാര്‍ അപ്പാടെ പൊളിച്ചെഴുതിയാണ് അന്തിമ കരാര്‍ തയ്യാറാകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയതു മുതല്‍ തന്നെ ആദ്യ കരാറിലെ വിവാദമുയര്‍ത്തിയ വ്യവസ്ഥകളില്‍ എന്തൊക്കെ മാറ്റങ്ങളാവും അതിനെതിരെ വിമര്‍ശനമുയര്‍ത്തിയവര്‍ വരുത്തുകയെന്നും ആ മാറ്റങ്ങളോട് ആദ്യ കരാര്‍ തയ്യാറാക്കിയവര്‍ എങ്ങനെ പ്രതികരിക്കും എന്നുമുള്ള ആകാംക്ഷ ജനമനസ്സുകളില്‍ നിറഞ്ഞു നിന്നിരുന്നു. കരാര്‍ വ്യവസ്ഥകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ടീകോം പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നു എന്ന തരത്തില്‍ ചില പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകളും മാറ്റങ്ങളെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോഴൊക്കെ പുതിയ കരാറില്‍ എന്തൊക്കെയോ രഹസ്യങ്ങള്‍ ഉണ്ടെന്ന് ധ്വനിപ്പിക്കും മട്ടില്‍ 'കരാര്‍ ഒപ്പിടട്ടെ, അതിനു ശേഷം പ്രതികരിക്കാം' എന്ന പ്രതിപക്ഷ നേതാവിന്റെ 'സസ്പെന്‍സ് ത്രില്ലര്‍' ശൈലിയിലുള്ള പ്രതികരണവും കൂടി ആയപ്പോള്‍ രംഗം കൂടുതല്‍ ശ്രദ്ധേയമായി.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അന്തിമ രൂപം നല്‍കപ്പെട്ട കരാര്‍ മെയ് 13-ന് ഒപ്പുവെക്കപ്പെട്ടതോടെ ആകാംക്ഷയ്ക്കും ആശങ്കകള്‍ക്കും വിരാമമായി. ഒപ്പം പദ്ധതി നടപ്പാകില്ലെന്ന ധാരണ പ്രചരിപ്പിക്കാന്‍ ശ്രമിച്ച പത്രങ്ങളുടെ ഗൂഢപദ്ധതികള്‍ക്കും. കരാര്‍ വ്യവസ്ഥകളില്‍ വന്ന മാറ്റങ്ങള്‍ പൊതുജന സമക്ഷം വ്യക്തമായ- തോടെ ഇരു കരാറുകളും തമ്മില്‍ വ്യവസ്ഥകളില്‍ അജഗജാന്തരം തന്നെ ഉണ്ടെന്നു വ്യക്തമായി. ചോദിച്ചപ്പോഴൊക്കെ 'കരാര്‍ ഒപ്പിടട്ടെ' എന്നു പറഞ്ഞ് മാറി നിന്നിരുന്ന പ്രതിപക്ഷ നേതാവ് പിറ്റേ ദിവസം ഉച്ചയ്ക്കു ശേഷമാണ് തന്റെ 'പ്രതികരണ'വുമായി എത്തിയത്. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടാക്കിയ കരാറിലെയും പുതിയ കരാറിലെയും വ്യവസ്ഥകളെ താരതമ്യം ചെയ്തു കൊണ്ട് അവയുടെ ഗുണദോഷങ്ങളെപ്പറ്റി സത്യസന്ധമായ ഒരു വിശകലനം അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് ആരെങ്കിലും കരുതിപ്പോയെങ്കില്‍ തെറ്റി. പല വ്യവസ്ഥകളെയും തന്റെ താല്‍പര്യത്തിനനുസരിച്ച് വളച്ചൊടിച്ച് യു ഡി എഫിന്റെ കരാറായിരുന്നു കൂടുതല്‍ മെച്ചമെന്ന് സ്ഥാപിക്കാനുള്ള വൃഥാവ്യായാമമാണ് അദ്ദേഹം നടത്തിയത്. പത്ര സമ്മേളനത്തില്‍ അദ്ദേഹം ഉന്നയിച്ച വാദ ഗതികളും അവയുടെ സത്യാവസ്ഥയും പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. (ശ്രീ ഉമ്മന്‍ചാണ്ടിയുടെ പത്രസമ്മേളനം 'മലയാള മനോരമ' ഓണ്‍ലൈന്‍ എഡിഷനില്‍ റിപ്പോര്‍ട്ടു ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. കരാറുകളെ താരതമ്യം ചെയ്തുകൊണ്ട് ചാണ്ടി ഉന്നയിച്ച കാര്യങ്ങള്‍ 'മനോരമ' റിപ്പോര്‍ട്ടില്‍ നിന്ന് അതേ പടി പകര്‍ത്തിയതാണ്.)

തൊഴില്‍

ഉമ്മന്‍ ചാണ്ടി: യുഡിഎഫ് കരാറില്‍ 33,300 തൊഴിലവസരങ്ങള്‍ എന്നത് ഇപ്പോള്‍ 90,000 തൊഴിലവസരമായി വര്‍ധിച്ചിട്ടുണ്ട്. ആളുകളുടെ മനസില്‍ പെട്ടെന്ന് എല്‍ഡിഎഫ് നയത്തോട് അനുകൂല പ്രതികരണമുണ്ടാവും. എന്നാല്‍ യാഥാര്‍ഥ്യം അതല്ല. യുഡിഎഫ് കരാറില്‍ 33,300 നേരിട്ടുള്ള തൊഴില്‍ എന്നതായിരുന്നു മുഖ്യം. എല്‍ഡിഎഫ് കരാറില്‍ ‘'നേരിട്ടുള്ള' എന്ന വാക്ക് എടുത്തു മാറ്റി. 90,000 തൊഴിലവസരത്തിനൊപ്പം 'നേരിട്ടുള്ള' എന്ന വാക്കു കൂടി കരാറില്‍ എഴുതിച്ചേര്‍ത്താല്‍ എല്‍ഡിഎഫ് കരാറാണ് മെച്ചം എന്ന് ഞാനും പരസ്യമായി അംഗീകരിക്കാം.

ഒറ്റ വായനയില്‍ ശ്രീ ചാണ്ടി പറയുന്നത് ശരിയാണെന്നു തോന്നും. ‘'നേരിട്ടുള്ള' എന്ന ഒറ്റ വാക്കില്‍ പിടിച്ചാണ് അദ്ദേഹത്തിന്റെ വാദം. ശരി തന്നെ. എല്‍ഡിഎഫ് കരാറില്‍ ‘'നേരിട്ടുള്ള തൊഴിലവസരങ്ങള്‍' എന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമായിരുന്നു. പക്ഷേ, അതോടൊപ്പം മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് - കരാറില്‍ പറയുന്ന തൊഴിലവസരങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നത്. 'സ്മാര്‍ട്ട് സിറ്റി കമ്പനിയും സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളും കൂടി കുറഞ്ഞത് 33,300 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം' എന്നാണ് യുഡിഎഫ് കരാറില്‍ വ്യവസ്ഥ. ('...TECOM undertakes and guarantees that the SPV, along with the other operating companies within the Smart City shall together create and provide for at least 33,300 direct jobs in the Smart City...' (Clause 5.4)) 'മറ്റു കമ്പനികളും കൂടി' എന്നു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. ഈ വ്യവസ്ഥയനുസരിച്ച് 33,300 തൊഴിലവസരങ്ങളില്‍ ഒരെണ്ണം പോലും സൃഷ്ടിക്കാനുള്ള ബാധ്യത ടീകോമിനോ സ്മാര്‍ട്ട് സിറ്റിക്കോ ഇല്ല. സ്മാര്‍ട്ട് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളെല്ലാം കൂടി മൊത്തം 33,300 തൊഴിലവസരങ്ങള്‍ നല്‍കിയാല്‍ മതി. ('മുതലയമ്മാച്ചനും ഞാനും കൂടി ഒരാടിനെ തിന്നു' എന്ന മട്ടില്‍!) അതുവഴി മൊത്തം 246 ഏക്കര്‍ ഭൂമി സ്വന്തമാക്കാന്‍ ടീകോമിനു കഴിയും. (ഇന്‍ഫോപാര്‍ക്കില്‍ മാത്രം അടുത്ത അഞ്ചുകൊല്ലത്തിനകം ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാകും എന്ന കണക്കു കൂടി ചേര്‍ത്തു വായിച്ചാല്‍ കരാറിലെ കള്ളക്കളി കൂടുതല്‍ വ്യക്തമാകും.)

എന്നാല്‍ എല്‍ ഡി എഫ് കരാറില്‍ 90,000 തൊഴിലും ഉറപ്പു വരുത്തേണ്ടത് ടീകോമിന്റെ മാത്രം ഉത്തരവാദിത്വമാണ്. ('TECOM shall make best efforts to generate at least 90,000 jobs in 10 years from Closing Date.' (Clause 9.3)) നേരിട്ടുള്ളതോ അല്ലാത്തതോ ആയ ഒറ്റ തൊഴിലവസരം പോലും സൃഷ്ടിക്കാന്‍ ബാധ്യതയില്ലാതെ 236 ഏക്കര്‍ സ്ഥലം ടീകോമിന് സ്വന്തമാകുന്ന യു ഡി എഫ് കരാറോ 90,000 തൊഴിലുകള്‍ സൃഷടിച്ചാല്‍ പോലും 29.5 ഏക്കര്‍ മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന എല്‍ ഡി എഫ് കരാറോ സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് നല്ലതെന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ.

ഭൂമി

യുഡിഎഫ് കരാര്‍
* 100 ഏക്കര്‍ 99 കൊല്ലത്തെ പാട്ടത്തിന് (ഏക്കറിന് ഒരു രൂപ പാട്ടം) ഐടി നയപ്രകാരം നല്‍കുന്നു. കലക്ടര്‍ മാര്‍ക്കറ്റ് വില അനുസരിച്ച് നിശ്ചയിച്ച സ്ഥലത്തിന്റെ മൂല്യം 20,000 രൂപ. 100 ഏക്കറിന് 20 കോടി രൂപ.
136 ഏക്കര്‍ മൊത്തം 36 കോടി രൂപ ടീക്കോമില്‍ നിന്ന് ഈടാക്കാനുള്ള വ്യവസ്ഥ. സ്ഥലമെടുക്കല്‍ നീണ്ടു പോയപ്പോള്‍ ഉടമകള്‍ കൂടുതല്‍ വില ആവശ്യപ്പെടുകയും അവരുമായുണ്ടാക്കിയ പാക്കേജിന്റെ ഭാഗമായി അധികച്ചെലവ് 26 കോടി രൂപ.
* മൊത്തം സൌജന്യം 20+26 കോടി = 46 കോടി രൂപ

എല്‍ഡിഎഫ് കരാര്‍
246 ഏക്കര്‍ പാട്ടത്തിന് - 104 കോടി രൂപ
വി.എസ്. അന്നു പറഞ്ഞ മൂല്യം സെന്റിന് 3.5 ലക്ഷം. അതായത് 246 ഏക്കറിന് 861 കോടി രൂപ.

ഉമ്മന്‍ ചാണ്ടി: വിഎസിന്റെ അന്നത്തെ കണക്കില്‍ മൊത്തം സൌജന്യം 757 കോടി രൂപയാണ് ടീകോമിന് നല്‍കുന്നത്. ഈ ദുരൂഹത മാറ്റി ടീകോമിന് ഈ കരാറില്‍ നല്‍കുന്ന സൌജന്യം എത്രയെന്ന് വിഎസ് വ്യക്തമാക്കേണ്ടതുണ്ട്.

ഇതാണ് "ദ ഗ്രേറ്റ് ചാണ്ടീസ് സര്‍ക്കസ്'! എന്തു കാര്യത്തിലും താരതമ്യം ഒരേ 'സ്റ്റാന്‍ഡേര്‍ഡ്' അനുസരിച്ചാവണം എന്ന പ്രാഥമിക തത്വത്തെത്തന്നെ അട്ടിമറിക്കുകയാണ് ചാണ്ടി ഇവിടെ. കരാറുകളെ തമ്മില്‍ താരതമ്യം ചെയ്യുന്നതിന് രണ്ടു റേറ്റ് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ വാദഗതികള്‍ 'തേഡ് റേറ്റ്' ആയതുകൊണ്ടാണോ?

ശ്രീ ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദം അനുസരിച്ച് (യു ഡി എഫ് കണക്കനുസരിച്ച്) '...“മാര്‍ക്കറ്റ് വില അനുസരിച്ച് നിശ്ചയിച്ച സ്ഥലത്തിന്റെ മൂല്യം 20,000 രൂപ. 100 ഏക്കറിന് 20 കോടി രൂപ. 136 ഏക്കര്‍ മൊത്തം 36 കോടി രൂപ...' + സ്ഥലമുടമകളുമായി ഉണ്ടാക്കിയ പാക്കേജിന്റെ ഭാഗമായി അധികച്ചെലവ് 26 കോടി രൂപ. മൊത്തം സൌജന്യം 20+26 കോടി = 46 kകോടി രൂപ." ആ കണക്ക് ശരിയാണെങ്കില്‍ അതേ കണക്കു തന്നെ വെച്ചു വേണ്ടേ എല്‍ ഡിഎഫ് കരാറിനെ വിലയിരുത്താന്‍? (പാട്ടത്തെ പാട്ടവുമായും വിലയെ വിലയുമായും ആണ് താരതമ്യപ്പെടുത്തേണ്ടതെന്ന പ്രാഥമിക ഗണിതപാഠം പോലും പ്രതിപക്ഷ നേതാവിന് അറിയില്ലെന്നു വരുമോ?)

ശരിയായ താരതമ്യം ഇങ്ങനെ:

സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില (ചാണ്ടി പറഞ്ഞതു പോലെ) 20,000 രൂപയാണെങ്കില്‍:

`
.വിവരണം യുഡിഎഫ് കരാര്‍എല്‍ഡിഎഫ് കരാര്‍
1പാട്ടത്തിന് നല്‍കുന്ന സ്ഥലത്തിന്റെ വില100 * 100 * 20,000 = 20 കോടി216.5 * 100 * 20,000 = 43.3 കോടി
2ടീകോമിന് ഉടമസ്ഥാവകാശം കിട്ടുന്ന സ്ഥലത്തിന്റെ വില36 കോടി + 26 കോടി
(പാക്കേജ്) => 62 കോടി
29.5 * 100 * 20,000 => 5.9 കോടി
3സര്‍ക്കാരിന് കിട്ടുന്ന തുക (വില + പാട്ടം)36 കോടി104 കോടി
4സര്‍ക്കാരിന് മൊത്തം ചെലവ് (1) + (2)20 + 62 => 82 കോടി43.3 + 5.9 => 49.2 കോടി
5ടീകോമിന് കിട്ടുന്ന ലാഭം (സൌജന്യം) (4) - (3)82 - 36 => 46 കോടി49.2 - 104 => -54.8 കോടി
(ലാഭം സര്‍ക്കാരിന്)

കലക്ടര്‍ നിശ്ചയിച്ചു എന്നു പറയുന്ന വില (സെന്റിന് 20,000 രൂപ) യഥാര്‍ഥ മാര്‍ക്കറ്റ് വിലയല്ല എന്നാണ് സ്ഥലമുടമകള്‍ കൂടുതല്‍ വില ആവശ്യപ്പെട്ടു എന്നതില്‍ നിന്ന് വ്യക്തമാകുന്നത്. (എറണാകുളം പോലെ ഒരു നഗരത്തില്‍ സ്ഥലത്തിന് സെന്റിന് 20,000 രൂപയേ വിലയുള്ളു എന്ന കണക്ക് ആരെങ്കിലും മുഖവിലയ്ക്കെടുക്കുമോ എന്ന ചോദ്യം ബാക്കിയാവും. ഈ കണക്ക് ഒരു കൊല്ലം മുന്‍പ് പറഞ്ഞിരുന്നെങ്കില്‍ ശ്രീ. ഉമ്മന്‍ ചാണ്ടിക്ക് ഒരു ലക്ഷം രൂപ കൊടുത്ത് ഒരഞ്ചു സെന്റ് സ്ഥലം ഈ ലേഖകന്‍ വാങ്ങിയേനെ! ഇന്ന് കണ്ണുമടച്ച് വിറ്റാലും ലാഭം ഉറപ്പ്...!)

സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില (വി എസ് പറഞ്ഞു എന്ന് ചാണ്ടി അവകാശപ്പെടുന്ന) 3,50,000 രൂപയാണെങ്കില്‍:

(വി എസ് യഥാര്‍ഥത്തില്‍ പറഞ്ഞത് എന്തെന്നത് വേറെ കാര്യം!)

.വിവരണം യുഡിഎഫ് കരാര്‍എല്‍ഡിഎഫ് കരാര്‍
1പാട്ടത്തിന് നല്‍കുന്ന സ്ഥലത്തിന്റെ വില100 * 100 * 3,50,000 = 350 കോടി 216.5 * 100 * 3,50,000
= 757.75 കോടി
2ടീകോമിന് ഉടമസ്ഥാവകാശം കിട്ടുന്ന സ്ഥലത്തിന്റെ വില136 * 100 * 3,50,000 = 476 കോടി 29.5 * 100 * 3,50,000
= 103.25 കോടി
3സര്‍ക്കാരിന് കിട്ടുന്ന തുക (വില + പാട്ടം)36 കോടി104 കോടി
4സര്‍ക്കാരിന് മൊത്തം ചെലവ് (1) + (2)350 + 476 = 826 കോടി 757.75 + 103.25 = 861 കോടി
5ടീകോമിന് കിട്ടുന്ന ലാഭം (സൌജന്യം) (4) - (3)826 - 36 => 790 കോടി 861 - 104 = 757 കോടി

ഉമ്മന്‍ ചാണ്ടി പറയുന്ന വില അനുസരിച്ച് നോക്കിയാല്‍ യു ഡി എഫ് കരാറില്‍ ടീകോമിന് 46 കോടി ലാഭം കിട്ടുമ്പോള്‍ എല്‍ ഡി എഫ് കരാറനുസരിച്ച് സര്‍ക്കാരിനാണ് 54.8 കോടിയുടെ ലാഭം കിട്ടുന്നത്. അതല്ല, വി എസ് പറഞ്ഞു എന്നു പറയുന്ന വില അനുസരിച്ചാണെങ്കില്‍ യു ഡി എഫ് കരാറില്‍ ടീകോമിന് കിട്ടുന്ന ലാഭം 790 കോടിയും എല്‍ ഡി എഫ് കരാറില്‍ അവര്‍ക്ക് കിട്ടുന്നത് 757 കോടിയും. (അതായത് താരതമ്യേന 33 കോടി രൂപ സര്‍ക്കാരിന് ലാഭം എന്നര്‍ഥം.)

(യു ഡി എഫ് കരാറനുസരിച്ച് നിശ്ചിത എണ്ണം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കഴിയുന്നതോടെ, പാട്ടത്തിന് നല്‍കുന്ന 100 ഏക്കര്‍ ഭൂമി കൂടി ടീകോമിന് സ്വന്തമാകും എന്നതും അതു വഴി ആ സ്ഥലത്തിന്റെ അന്നത്തെ വില കണക്കാക്കിയാല്‍ അവര്‍ക്ക് കിട്ടാവുന്ന ലാഭവും ഇവിടെ കണക്കിലെടുത്തിട്ടില്ല. യു ഡി എഫ് കരാറില്‍ 36 കോടി രൂപയ്ക്ക് 236 ഏക്കര്‍ സ്ഥലവും ടീകോമിന് സ്വന്തമാകുമ്പോള്‍ എല്‍ ഡി എഫ് കരാറനുസരിച്ച് 104 കോടി നല്‍കിയാലും വെറും 29.5 ഏക്കര്‍ മാത്രമേ ടീകോമിന് കിട്ടുന്നുള്ളൂ (216.5 ഏക്കര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തുടരും) എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ടീകോമിന് യഥാര്‍ഥത്തില്‍ ലാഭമൊന്നുമില്ല എന്നതാണ് വസ്തുത.)

(ഇതേ കണക്ക് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാര്യങ്ങള്‍ കൂടുതല്‍ അവിശ്വസനീയമാകും. കണക്ക് വായിച്ച് ഞെട്ടരുത്. സെന്റിന് 20,000 രൂപ എന്ന യു ഡി എഫ് കണക്കനുസരിച്ച് അവരുടെ കരാറിലൂടെ 47.2 കോടി രൂപ (236 * 100 * 20,000) വിലയുള്ള 236 ഏക്കര്‍ സ്ഥലമാണ് വെറും 36 കോടിക്ക് ടീകോമിന് സ്വന്തമാകുന്നത്. (ടീകോമിന് ലാഭം 11 കോടി രൂപ) എല്‍ ഡി എഫിന്റെ കരാറനുസരി’ച്ചാണെങ്കില്‍ 5.9 കോടിയുടെ (29.5 * 100 * 20,000) സ്ഥലം മാത്രമേ അവര്‍ക്ക് സ്വന്തമാകുന്നുള്ളൂ. അതും 104 കോടി രൂപ ചെലവില്‍. 98 കോടി രൂപ ലാഭം, ടീകോമിനല്ല, സര്‍ക്കാരിന്...!)

യു ഡി എഫിന്റെ തന്നെ കണക്കനുസരിച്ച് സര്‍ക്കാരിന് 46 കോടി നഷ്ടമുണ്ടാക്കുന്ന കരാറാണ് ഉമ്മന്‍ ചാണ്ടി ഒപ്പിടാന്‍ ഒരുങ്ങിയതെങ്കില്‍ അതേ കണക്കു പ്രകാരം 54.8 കോടിയുടെ ലാഭമാണ് എല്‍ ഡി എഫ് കരാറിലൂടെ നേടുന്നത് എന്ന ലളിതമായ സത്യം മറച്ചു വെക്കാനുള്ള ചാണ്ടിയുടെ തത്രപ്പാട് നാലാം ക്ളാസ്സുകാരന്റെ ഗണിത പാടവം പോലും അദ്ദേഹത്തിനില്ലെന്ന തോന്നലാണ് ഉളവാക്കുന്നത്. പൊതുജനസമക്ഷം സ്വന്തം 'വില' ഇത്രയ്ക്ക് ഇടിക്കേണ്ടിയിരുന്നോ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്?

ഓഹരി

യുഡിഎഫ് കരാര്‍
പ്രാരംഭ അംഗീകൃത മൂലധനം 680 കോടി
പെയ്ഡ്അപ് ക്യാപിറ്റല്‍ 240 കോടി രൂപ
സര്‍ക്കാരിന് 9% ഓഹരി. 21.6 കോടി നിക്ഷേപിക്കണം.
ടീകോമിന് 91% ഓഹരി. 218.4 കോടി നിക്ഷേപിക്കണം.
സര്‍ക്കാര്‍ വിഹിതം ഇന്‍ഫോപാര്‍ക്ക് വിലയായ 109 കോടിയില്‍ നിന്നു കിഴിക്കും. (21.6 കോടി കഴിഞ്ഞ് ബാക്കി 87.4 കോടി രൂപ സര്‍ക്കാരിന് ലഭിക്കും)

എല്‍ഡിഎഫ് കരാര്‍
പ്രാരംഭ അംഗീകൃത മൂലധനം 680 കോടി
പെയ്ഡ്അപ് ക്യാപിറ്റല്‍ 120 കോടി രൂപ മാത്രം.
സര്‍ക്കരിന് 16% ഓഹരി - 19.2 കോടി രൂപ നിക്ഷേപിക്കണം.
ടീക്കോമിന് 84 % ഓഹരി - 100.8 കോടി നിക്ഷേപിച്ചാല്‍ മതി.
19.2 കോടി പാട്ടത്തുകയായ 104 കോടിയില്‍ നിന്നു കുറയ്ക്കും.
5 വര്‍ഷത്തിനുള്ളില്‍ അന്നത്തെ ഓഹരി വിലയ്ക്ക് 10% ഷെയര്‍ സര്‍ക്കാരിന് ലഭിക്കും.

ചാണ്ടി: അഞ്ചുവര്‍ഷം കഴിഞ്ഞുള്ള ഈ ഓഹരി വില, അന്നത്തെ സര്‍ക്കാരിന് താങ്ങാനാവാത്ത ബാധ്യതയാകുമെന്ന് ഉറപ്പ്.

യു ഡി എഫ് കരാറില്‍ സര്‍ക്കാരിന് കിട്ടുന്നത് 87.4 കോടി രൂപയാണെങ്കില്‍ എല്‍ ഡി എഫ് കരാറില്‍ ഇത് 87.2 കോടിയാണ്. (104 - 19.2 + 2.4 (പ്രാഥമിക നിക്ഷേപത്തുകയിലുള്ള കുറവ്: 21.6 - 19.2)) രണ്ടു കരാറുകളും തമ്മില്‍ സര്‍ക്കാരിന് കിട്ടുന്ന തുകയില്‍ കാര്യമായ വ്യത്യാസം ഇല്ല എന്നു കാണാം.

'അഞ്ചുവര്‍ഷം കഴിഞ്ഞുള്ള ഈ ഓഹരി വില, അന്നത്തെ സര്‍ക്കാരിന് താങ്ങാനാവാത്ത ബാധ്യതയാകുമെന്ന് ഉറപ്പ്" എന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം കേട്ടാല്‍ തോന്നുക, ആ 10% ഓഹരി വാങ്ങേണ്ടത് സര്‍ക്കാരിന്റെ ഒഴിവാക്കാനാവാത്ത ബാധ്യതയാണെന്നല്ലേ? അഞ്ചുവര്‍ഷം കഴിഞ്ഞുള്ള ഓഹരി വില സര്‍ക്കാരിന് താങ്ങാനാവാത്തതാണെങ്കില്‍ വാങ്ങേണ്ട. വാങ്ങിയില്ലെങ്കില്‍ ഒരു ഡയറക്ടര്‍ സ്ഥാനം കിട്ടില്ലെന്നു മാത്രം. (തുടക്കത്തില്‍ ഉള്ള ഡയറക്ടര്‍മാരുടെ എണ്ണത്തില്‍ വ്യത്യാസമൊന്നുമില്ലാത്തതു കൊണ്ട് ഈ സാധ്യത യാതൊരു വ്യതാസവും ഉണ്ടാക്കുന്നില്ല. മറിച്ച് പത്തു വര്‍ഷത്തിനു ശേഷം സര്‍ക്കാര്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങുകയാണെങ്കില്‍ കിട്ടുന്ന അധിക ഡയറക്ടര്‍ സ്ഥാനത്തെപ്പറ്റി ശ്രീ ചാണ്ടി മൌനം പാലിക്കുന്നതെന്തേ...?)

അഞ്ചു വര്‍ഷം കൊണ്ട് ഓഹരി വില കുതിച്ചുയരുമെന്ന് സമ്മതിക്കുന്ന ഉമ്മന്‍ചാണ്ടിക്ക്, യൂ ഡി എഫ് കരാറനുസരിച്ച് ലഭിക്കുമായിരുന്ന 9% ഓഹരിയുടെ സ്ഥാനത്ത് 16% ഓഹരി നേടിയെടുത്ത എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടം കാണാന്‍ കഴിയാത്തതല്ലല്ലോ? സത്യങ്ങള്‍ക്കു നേരെ കണ്ണടച്ചാല്‍ ഇരുട്ടാകുന്നത് മനസ്സില്‍ മാത്രമാണ് ചാണ്ടിച്ചായാ....

ഇന്‍ഫോപാര്‍ക്ക്

യുഡിഎഫ് കരാര്‍
ഇന്‍ഫോപാര്‍ക്കും 62.57 ഏക്കര്‍ സ്ഥലവും 109 കോടി രൂപയ്ക്ക്. ഇന്‍ഫോപാര്‍ക്കിലെ തൊഴില്‍ മുഴുവന്‍ സംരക്ഷിക്കണം എന്ന വ്യവസ്ഥ.

എല്‍ഡിഎഫ് കരാര്‍
ഇന്‍ഫോപാര്‍ക്ക് കൊടുക്കുന്നില്ല.

ചാണ്ടി: 300 പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. നിലവിലുള്ള കെട്ടിടങ്ങളില്‍ കൂടുതല്‍ സ്ഥലമില്ല. ഇന്‍ഫോപാര്‍ക്ക് കൊടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്, പദ്ധതി പ്രാബല്യത്തില്‍ വരുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു. ഇന്‍ഫോപാര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ആറു മാസത്തിനകം സ്മാര്‍ട്സിറ്റി കേരളത്തില്‍ യാഥാര്‍ഥ്യമായേനേ. ഇപ്പോള്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും പിടിക്കും ആദ്യ സംരംഭം പൂര്‍ത്തിയാകാന്‍.

ഇതാ ചാണ്ടിച്ചായന്റെ അടുത്ത 'സര്‍ക്കസ്‘! ഇന്‍ഫോപാര്‍ക്ക് കൊടുക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്, പദ്ധതി പ്രാബല്യത്തില്‍ വരുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു‘ എന്ന് ഇപ്പോള്‍ പറയുന്ന ചാണ്ടി, ഈ അവകാശവാദം ഇതിനു മുന്‍പ് ഉന്നയിച്ചിട്ടേയില്ല. മറിച്ച്, ഇന്‍ഫോപാര്‍ക്ക് കൈമാറ്റം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ അവിഭാജ്യ ഭാഗമാണെന്നും ഇന്‍ഫോപാര്‍ക്ക് കൊടുത്തില്ലെങ്കില്‍ പദ്ധതി നടപ്പാകുകയേ ഇല്ലെന്നുമാണ് അദ്ദേഹവും യു ഡി എഫും പറഞ്ഞുകൊണ്ടിരുന്നത്. ആരെ വിഡ്ഢികളാക്കാനാണ് ഈ മലക്കം മറിച്ചില്‍? 'ഇന്‍ഫോപാര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ആറു മാസത്തിനകം സ്മാര്‍ട്സിറ്റി കേരളത്തില്‍ യാഥാര്‍ഥ്യമായനേ" എന്നാണ് ചാണ്ടി അവകാശപ്പെടുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ വാദം? അതു പോലെ, 'ഇപ്പോള്‍ ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും പിടിക്കും ആദ്യ സംരംഭം പൂര്‍ത്തിയാകാന്‍" എന്നു പറയുന്നതും എന്തടിസ്ഥാനത്തിലാണെന്ന് വിശദീകരിച്ചിട്ടില്ല. (ഇന്‍ഫോപാര്‍ക്കില്‍ 300 പേര്‍ മാത്രമാണ് ജോലി ചെയ്തിരുന്നത് എന്നത് റിപ്പോര്‍ട്ടില്‍ വന്ന പിശകാകാനാണ് സാധ്യത.)

മറ്റ് ഐടി പാര്‍ക്കുകള്‍

യുഡിഎഫ് കരാര്‍
എറണാകുളം ജില്ലയില്‍ 5 വര്‍ഷത്തേക്ക് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ഐടി പാര്‍ക്കുകള്‍ തുടങ്ങരുത്

എല്‍ഡിഎഫ് കരാര്‍
ഈ നിബന്ധന ഇല്ല.

ചാണ്ടി: അനാവശ്യ മല്‍സരത്തില്‍ സര്‍ക്കാര്‍ പങ്കാളിയാകരുത് എന്നതു മാത്രമായിരുന്നു ഇതിന്റെ ഉദ്ദേശ്യം. സര്‍ക്കാര്‍ ഏജന്‍സിക്കോ മറ്റു സ്ഥാപനങ്ങള്‍ക്കോ ഐടി പാര്‍ക്ക് തുടങ്ങുന്നതിന് തടസമില്ല.

മറ്റു കാര്യങ്ങളിലൊക്കെ യു ഡി എഫ് കരാറാണ് മെച്ചമെന്ന് സ്ഥാപിക്കാന്‍ പാടുപെടുന്ന ചാണ്ടി എന്തേ ഇവിടെ താരതമ്യത്തിനു മുതിരാത്തത്? (വരാന്‍ പോകുന്ന സര്‍ക്കാര്‍ എല്‍ ഡി എഫിന്റേതായിരിക്കുമെന്നു മുന്‍കൂട്ടിക്കണ്ട്, ആ സര്‍ക്കാരിന് അഞ്ചു കൊല്ലവും എറണാകുളം ജില്ലയില്‍ ഐ ടി മേഖലയില്‍ യാതൊരു വികസനവും നടപ്പാക്കാന്‍ കഴിയരുത് എന്നും എന്നിട്ട് ആ വികസനരാഹിത്യം സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കാം എന്നും ഉദ്ദേശിച്ചാണ് ഈ വ്യവസ്ഥ വെച്ചതെന്ന് ചിലരെങ്കിലും കരുതിയാല്‍ അതില്‍ തെറ്റു പറയാന്‍ പറ്റുമോ?) മാത്രമല്ല, 'അനാവശ്യമല്‍സരത്തില്‍ സര്‍ക്കാര്‍ പങ്കാളിയാകരുത് എന്നതു മാത്രമായിരുന്നു ഇതിന്റെ ഉദ്ദേശ്യം‘ എന്ന വാദവും വെറും 'ഷോ' ആണെന്നതല്ലേ സത്യം? അല്ലെങ്കില്‍പ്പിന്നെ രാജ്യത്തൊരിടത്തും 'ഇന്‍ഫോ പാര്‍ക്ക്' എന്നോ അതിനോട് സാമ്യമുള്ള മറ്റേതെങ്കിലും പേരോ ഒരു സംരംഭത്തിനും ഉപയോഗിക്കരുത് എന്ന വ്യവസ്ഥ വെച്ചത് എന്തിനായിരുന്നു? (The Society or GoK shall also not use the name "Infopark" or any closely resembling derivative thereof in the State of Kerala or elsewhere within India in any form or manner or capacity whatsoever.) (Clause 6.4)

ബില്‍റ്റ് - അപ്പ് ഏരിയ

യുഡിഎഫ് കരാര്‍
മൊത്തം 88 ലക്ഷം ചതുരശ്ര അടി.
ഐടിക്കു മാത്രം 59.44 ലക്ഷം ചതുരശ്ര അടി (68%)
പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തിയാല്‍ ടീകോമിന്റെ മൊത്തം ഷെയര്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം.

എല്‍ഡിഎഫ് കരാര്‍
മൊത്തം 88 ലക്ഷം ചതുരശ്ര അടി
ഐടി ക്കു വേണ്ടി 62 ലക്ഷം ചതുരശ്ര അടി (70%)
പദ്ധതി നടത്തിപ്പില്‍ വീഴ്ച വരുത്തിയാല്‍ ടീകോമിന്റെ മൊത്തം ഷെയര്‍ സര്‍ക്കാരിന് തിരിച്ചെടുക്കാം.

ചാണ്ടി: യുഡിഎഫ് കരാറിന്റെ ചുവടുപിടിച്ചാണ് ഈ കരാറും. പക്ഷേ, യുഡിഎഫ് കരാറില്‍ ഐടി വികസനത്തിനല്ല, റിയല്‍എസ്റ്റേറ്റിനാണ് പ്രാമുഖ്യം എന്ന് തെറ്റായി പ്രചരിപ്പിച്ചു. യുഡിഎഫ് കരാറില്‍ ഐടിക്കു വേണ്ടി 68 %വും ഇപ്പോഴത്തെ കരാറില്‍ 70% വും ആയി എന്ന വ്യത്യാസമേ ഉള്ളൂ.

അടുത്ത 'അഭ്യാസ'ത്തിന് സമയമായി...! മൊത്തം 88 ലക്ഷം ചതുരശ്ര അടി ബില്‍റ്റ് അപ്പ് ഏരിയയില്‍ 'ഐടിക്കു മാത്രം 59.44 ലക്ഷം ചതുരശ്ര അടി (68%)'നീക്കി വെക്കണമെന്ന് യു ഡി എഫ് കരാറില്‍ ഒരിടത്തും പറയുന്നില്ല. കരാറില്‍ ബില്‍റ്റ് അപ്പ് ഏരിയയെസ്സംബന്ധിച്ച് പറയുന്നത് ഇപ്രകാരമാണ്:

(Article 10 RESPONSIBILITIES AND COVENANTS OF TECOMപേജ് 28)

Timeline Minimum Built - up IT/ITES/Commercial Space in Sq. Feet
Within two year of the Closing Date300,000
Within five year of the Closing Date1,000,000 (Cumulative)
Within ten year of the Closing Date3,330,000 (Cumulative)

മൊത്തം 46,30,000 ചതുരശ്ര അടിയുടെ കാര്യം മാത്രമേ ഇവിടെ പറയുന്നുള്ളൂ. (59,44,000 അല്ല). അതു തന്നെ ഐ ടി-ക്കു വേണ്ടി മാത്രം ഉപയോഗിക്കണമെന്നും വ്യവസ്ഥ ഇല്ല. 'IT/ITES/Commercial space’ എന്നാണ് പറഞ്ഞിരിക്കുന്നത്. Commercial space കൂടി ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിക്കുക. വെറും 500 ചതുരശ്ര അടിയുള്ള ഒരു കെട്ടിടത്തില്‍ പേരിന് ചെറിയൊരു ഐടി സ്ഥാപനം തുടങ്ങിയിട്ട് ബാക്കി സ്ഥലം മുഴുവന്‍ റിയല്‍എസ്റ്റേറ്റ് / വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ പോലും ഈ വ്യവസ്ഥ പാലിക്കാനാവും! എന്നാല്‍ എല്‍ ഡി എഫ് കരാറില്‍ ബില്‍റ്റ് അപ്പ് ഏരിയയുടെ 70% ഐടി / അനുബന്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് വ്യക്തമായ വ്യവസ്ഥയുണ്ട്. 'SPV shall designate at least 70% of built up space as per Annexure B for IT/ITES and related facilities for such work area and employees.’ (Clause 9.3) കണക്കുകള്‍ കള്ളം പറയില്ല ചാണ്ടിച്ചായാ... 'യുഡിഎഫ് കരാറില്‍ ഐടി വികസനത്തിനല്ല, റിയല്‍എസ്റ്റേറ്റിനാണ് പ്രാമുഖ്യം' എന്ന് 'തെറ്റായി പ്രചരിപ്പിച്ച'തല്ലഎന്നതിന് ഈ കണക്കുകള്‍ തന്നെയല്ലേ സാക്ഷ്യം?

ചെയര്‍മാന്‍ - ഡയറക്ടര്‍

യുഡിഎഫ് കരാര്‍
9% ഓഹരിക്ക് ചെയര്‍മാന്‍ സ്ഥാനവും ഒരു ഡയറക്ടറും
ചെയര്‍മാന്‍ ഗവണ്‍മെന്റ് സെക്രട്ടറി ആയിരിക്കണം.

എല്‍ഡിഎഫ് കരാര്‍
16% ഓഹരിക്ക് ചെയര്‍മാന്‍ സ്ഥാനവും ഒരു ഡയറക്ടറും
പത്തു ശതമാനം ഓഹരി വാങ്ങുന്ന മുറയ്ക്ക് ഒരു ഡയറക്ടര്‍ സ്ഥാനം കൂടി ലഭിക്കും.

ചാണ്ടി: ക്യാബിനറ്റ് അംഗീകരിച്ച കരാറില്‍ ആരെ വേണമെങ്കിലും ഡയറക്ടര്‍ബോര്‍ഡംഗമാക്കാം. ഇത് പ്രശ്നമാകുമെന്നു കരുതി ഒപ്പിട്ട കരാരറില്‍ സ്പെഷ്യല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത ആള്‍ എന്നാക്കി.

'ക്യാബിനറ്റ് അംഗീകരിച്ച കരാറി'ന്റെ പകര്‍പ്പ് ഈ ലേഖകന് കിട്ടാന്‍ സാധ്യതയൊന്നുമില്ലാത്തതു കൊണ്ട് അതില്‍ 'ആരെ വേണമെങ്കിലും ഡയറക്ടര്‍ബോര്‍ഡംഗമാക്കാം" എന്ന തരത്തിലുള്ള വ്യവസ്ഥയാണോ ഉണ്ടായിരുന്നതെന്ന് അറിഞ്ഞുകൂടാ. എങ്കില്‍പ്പോലും ഒരു സംശയം: 'ക്യാബിനറ്റ് അംഗീകരിച്ച കരാറി'നല്ല, യഥാര്‍ഥത്തില്‍ ഒപ്പിട്ട കരാറിനേ വിലയുള്ളൂ എന്നത് സര്‍ക്കാരിനെ നയിച്ചു പരിചയമുള്ള ചാണ്ടിക്ക് അറിയാത്തതാണോ? ക്യാബിനറ്റ് അംഗീകരിച്ച കരാറില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ അത് തിരുത്തരുതെന്നാണോ ചാണ്ടി പറയുന്നത്? ഏഴു ശതമാനം കൂടുതല്‍ ഓഹരി സര്‍ക്കാരിനു നേടാന്‍ കഴിഞ്ഞതിനെപ്പറ്റിയും പത്തു ശതമാനം ഓഹരി വാങ്ങുന്ന മുറയ്ക്ക് ഒരു ഡയറക്ടര്‍ സ്ഥാനം കൂടി ലഭിക്കും (അതു വഴി കൂടുതല്‍ പങ്കാളിത്തവും) എന്ന നേട്ടത്തെപ്പറ്റിയും ചാണ്ടിക്ക് ഒന്നും പറയാനില്ലേ?

ക്വാറം

യുഡിഎഫ് കരാര്‍
അഞ്ചു പേരില്‍ കുറയാതെ, മൂന്നു പേരെങ്കിലും ടീകോം പ്രതിനിധികള്‍

എല്‍ഡിഎഫ് കരാര്‍
അഞ്ചു പേരില്‍ കുറയാതെ, മൂന്നു പേരെങ്കിലും ടീകോം പ്രതിനിധികളും ഒരാള്‍ സര്‍ക്കാര്‍ പ്രതിനിധിയും. ക്വോറം ഇല്ലെങ്കില്‍ തൊട്ടടുത്ത ദിവസം ഏതെങ്കിലും മൂന്നു ഡയറക്ടര്‍മാര്‍ പങ്കെടുത്താല്‍ ക്വോറം തികയും.

ചാണ്ടി: സര്‍ക്കാരിന് യോഗത്തില്‍ നിര്‍ണായക പങ്കുണ്ട് എന്ന എല്‍ഡിഎഫ് വാദം ഇവിടെ പൊളിയുന്നു. ഈ പങ്ക് 24 മണിക്കൂര്‍ മാത്രമാണ്

24 മണിക്കൂര്‍ നേരത്തേക്കെങ്കിലും സര്‍ക്കാരിനുള്ള പങ്ക് അംഗീകരിക്കുന്നുണ്ടല്ലോ... ഭാഗ്യം! ഒരു സെക്കന്റു നേരത്തേക്കു പോലും സര്‍ക്കാരിന്റെ പങ്ക് ഉറപ്പു വരൂത്താന്‍ തന്റെ സര്‍ക്കാരിന് കഴിഞ്ഞില്ല എന്ന കുറ്റസമ്മതം കൂടി വേണ്ടതായിരുന്നില്ലേ? ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത് സര്‍ക്കാര്‍ ഉറപ്പു വരുത്തിയാല്‍ ഈ പങ്ക് എന്നും നില നില്‍ക്കുമല്ലോ?

നികുതി ആനുകൂല്യം

യു ഡി എഫ് കരാര്‍

ഐടി നയമനുസരിച്ച് നല്‍കുന്ന 100 ഏക്കര്‍ സ്ഥലം ഒരു രൂപ പാട്ടത്തിനും 136 ഏക്കര്‍ ഇന്‍ഫോപാര്‍ക്കും വിലയ്ക്കു വാങ്ങുന്നതുകൊണ്ടും നികുതി ഇളവ് ടീകോമിന് ലഭിക്കില്ല

എല്‍ഡിഎഫ് കരാര്‍

88% സ്ഥലം പാട്ടത്തിനും 12% ഫ്രീ ഹോള്‍ഡുമായി നല്‍കുന്നു. പക്ഷേ, 104 കോടി രൂപയും പാട്ടവാടകയായിട്ടാണ് വാങ്ങുന്നത്. ഇത് ചെലവിനത്തില്‍ കാണിക്കുന്നതു വഴി 33.6% നികുതി ഇളവ് ടീകോമിന് ലഭിക്കും. അതായത് 34.94 കോടി രൂപ ടീകോമിന് ഇളവ് ലഭിക്കും.

ചാണ്ടി: ഇങ്ങനെ ടീകോമിന് നികുതി ഇളവ് ഒരുക്കിക്കൊടുത്ത് സഹായിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്

കൈമാറുന്ന സ്ഥലത്തിന്റെ യഥാര്‍ഥ മാര്‍ക്കറ്റ് വില കണക്കാക്കിയാല്‍ ഈ നികുതി ഇളവ് ഫലത്തില്‍ ഇളവല്ല എന്ന കാര്യം ചാണ്ടിക്ക് മനസ്സിലാകാഞ്ഞതോ അതോ അറിഞ്ഞില്ലെന്ന് നടിക്കുന്നതോ?

ഈ ലേഖനം അവസാനിപ്പിക്കുന്നതിനു മുന്‍പ് ഒരു കാര്യം കൂടി. 'കരാര്‍ ഒപ്പിടട്ടെ, അതിനു ശേഷം പ്രതികരിക്കാം' എന്നായിരുന്നല്ലോ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്? അതെന്തിനായിരുന്നു? ഏപ്രില്‍ 25-നു തന്നെ കരാറിന്റെ കരടു രൂപം പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന് നല്‍കിയിരുന്നതല്ലേ? കരാറില്‍ എന്തെങ്കിലും പിശകുകളോ ദോഷകരമായ വ്യവസ്ഥകളോ കടന്നു കൂടിയിട്ടുണ്ടായിരുന്നെങ്കില്‍ അത് ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ തെറ്റ് തിരുത്തിക്കുന്നതിനു പകരം ‘'കരാര്‍ ഒപ്പിടട്ടെ' എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയത് അത്തരം തെറ്റുകള്‍ സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കാം എന്നു കരുതിയോ? സംസ്ഥാനത്തിന്റെ പൊതു താല്‍പര്യത്തിനല്ല, തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാണ് ചാണ്ടി കൂടുതല്‍ വില കല്‍പ്പിക്കുന്നത് എന്നല്ലേ ഇതിനര്‍ഥം?

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതിയുടെ പ്രാഥമിക നടപടികള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ ഡി എഫ് പദ്ധതിനിര്‍ദേശങ്ങളിലെ ദോഷകരമായ വ്യവസ്ഥകള്‍ ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത് എന്ന വസ്തുത പരിഗണിക്കുമ്പോള്‍ കരാറിലെ തകരാറുകളെപ്പറ്റി ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്ന ചാണ്ടിയുടെയും കൂട്ടരുടെയും സ്വാര്‍ഥതാല്‍പര്യങ്ങളല്ലേ വ്യക്തമാകുന്നത്? എല്‍ ഡി എഫിന്റെ കരാറിനേക്കാള്‍ മെച്ചം തങ്ങളുടേതായിരുന്നു എന്നു പറഞ്ഞ് ചാണ്ടി ഇപ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പല വ്യവസ്ഥകളും - ഭൂമി മുഴുവന്‍ ഒറ്റയടിക്ക് മൊത്തമായി കൈമാറുന്നതിനു പകരം പാട്ടത്തിനു നല്‍കാനും പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഓഹരികള്‍ തിരിച്ചെടുക്കാനുമുള്ള വ്യവസ്ഥകളും ചെയര്‍മാന്‍ സ്ഥാനം സര്‍ക്കാരിനായിരിക്കുമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തുകയും സര്‍ക്കാരിന്റെ പങ്കാളിത്തമോ സഹായമോ ഉള്ള ഐ ടി സംരംഭങ്ങള്‍ പാടില്ലെന്ന വ്യവസ്ഥ കോഴിക്കോടു മുതല്‍ കൊല്ലം വരെയൂള്ള സംസ്ഥാനത്തിന്റെ സിംഹഭാഗത്തിനും ബാധകമായിരുന്നത് എറണാകുളം ജില്ലയില്‍ മാത്രമായി ചുരുക്കിയതും ഉള്‍പ്പെടെ - എല്‍ ഡി എഫിന്റെ വിമര്‍ശനങ്ങളെത്തുടര്‍ന്ന് മാറ്റം വരുത്തിയതായിരുന്നു എന്ന (ചാണ്ടി സൌകര്യപൂര്‍വം മറക്കുന്ന) സത്യം കൂടി കാണേണ്ടതുണ്ട്, ചാണ്ടിയുടെയും കൂട്ടരുടെയും കുരുട്ടു ബുദ്ധി ശരിക്കും വ്യക്തമാകാന്‍. സംസ്ഥാനത്തിന്റെ പൊതു താല്‍പര്യം കണക്കിലെടുത്ത് തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും കുറച്ചെങ്കിലും തിരുത്തിക്കാനുമാണ് എല്‍ ഡി എഫ് ശ്രമിച്ചതെങ്കില്‍ കരാര്‍ വ്യവസ്ഥകളില്‍ ഉണ്ടെന്നു പറയുന്ന പിശകുകള്‍ ചൂണ്ടിക്കാട്ടാന്‍ തയ്യാറാകാതെ ഒഴിഞ്ഞുമാറി വില കുറഞ്ഞ രാഷ്ട്രീയനാടകമാടാനാണ് യു ഡി എഫ് ശ്രമിച്ചത് എന്നു മാത്രമാണ് ശ്രീ ഉമ്മന്‍ചാണ്ടിയുടെ 'പ്രതികരണ'ത്തില്‍ നിന്ന് വ്യക്തമാകുന്നത്.

*******

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2017 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.